പ്രസവിച്ചു മൂന്നാം ദിവസം കുഞ്ഞിനെ തന്നില്‍ നിന്നും മാറ്റി; ഭ്രാന്താശുപത്രിയില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി

October 22, 2021
359
Views

തിരുവനന്തപുരം: കാമുകനില്‍ പിറന്ന കുഞ്ഞിനെ തട്ടിയെടുത്ത പിതാവിനെതിരെ പൊലീസില്‍ മൊഴി നല്‍കി അനുപമ. പേരൂര്‍ക്കടയിലെ സിപിഎം പ്രാദേശിക നേതാവായ ജയചന്ദ്രനെതിരെയാണ് മകള്‍ അനുപമ പൊലീസില്‍ മൊഴി നല്‍കിയത്. ഭരണ സ്വാധീനത്താല്‍ ഇതുവരെ പൊലീസ് അനങ്ങാതിരുന്ന കേസ് മാധ്യമവാര്‍ത്തകളില്‍ നിറഞ്ഞതോടെ ഒടുവിലാണ് പൊലീസ് ഇടപെടാന്‍ തയ്യാറായത്. അനുപമയുടെ മൊഴി പേരൂര്‍ക്കട പൊലീസ് രേഖപ്പെടുത്തി.

പ്രസവിച്ച്‌ മൂന്നാം ദിവസം കുട്ടിയെ മാതാപിതാക്കള്‍ തന്നില്‍ നിന്ന് മാറ്റിയെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. അന്ന് മുതല്‍ പൊലീസ് സ്റ്റേഷന്‍, ഡിജിപി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പേരൂര്‍ക്കട സ്വദേശി അനുപമ നേരത്തെ ആരോപിച്ചിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 19 നാണ് കുഞ്ഞിനെ അച്ഛനും അമ്മയും എടുത്തു കൊണ്ടുപോയെന്ന് കാണിച്ച്‌ അനുപമ പൊലീസില്‍ പരാതി നല്‍കിയത്.

പ്രസവിച്ച്‌ മൂന്നാം ദിവസം രക്ഷിതാക്കള്‍ കൊണ്ടുപോയ കുഞ്ഞ് എവിടെയാണെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും ആറുമാസത്തിന് ശേഷമാണ് പൊലീസ് തങ്ങളില്‍ നിന്ന് മൊഴി രേഖപ്പെടുത്താന്‍ തയ്യാറായതെന്ന് അവര്‍ പറഞ്ഞു. ദുരഭിമാനത്തെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം.

തന്റെ പരാതി പൊലീസും വനിതാ കമ്മീഷനും തള്ളിയാല്‍ കോടതിവഴി മുന്നോട്ടുപോകുമെന്നാണ് യുവതിയും ഭര്‍ത്താവ് അജിത്തും പറയുന്നത്. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്‍പിക്കാം എന്ന് പറഞ്ഞ് അച്ഛനും അമ്മയും കൊണ്ടുപോവുകയായിരുന്നുവെന്നാണ് അനുപമയുടെ പരാതി. എന്നാല്‍ കുട്ടിയെ കിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടിയുടെ അച്ഛനായ അജിത്തിനൊപ്പം താമസം തുടങ്ങിയെന്നും അനുപമ പറയുന്നു.

ആദ്യ വിവാഹം ഒഴിയാതിരിക്കാന്‍ അനുപമയുടെ അച്ഛന്‍ ഇടപെട്ടിരുന്നതായി കുട്ടിയുടെ അച്ഛന്‍ അജിത് പറയുന്നു. പാര്‍ട്ടിയിലെ ചില നേതാക്കളും അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചനയാണ് തങ്ങള്‍ക്കെതിരെ നടന്നിരിക്കുന്നത്. ഇപ്പോള്‍ പോലും മണിക്കൂറുകള്‍ നീണ്ട സമയമെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും അത് ഞങ്ങളെ വായിച്ച്‌ കേള്‍പ്പിച്ച്‌ ഒപ്പിട്ട് വാങ്ങിയിട്ടില്ല. അതിനാല്‍ തന്നെ തുടര്‍നടപടി ഇനിയും വൈകുമെന്നാണ് ആശങ്കയെന്ന് ഇവര്‍ പറയുന്നു.

ഒരു നിയമപ്രാബല്യവുമില്ലാത്ത രേഖകളുണ്ടാക്കി കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്ന് അനുപമയുടെ അച്ഛന്‍ പരസ്യമായി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. കുഞ്ഞെവിടെയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. കുട്ടിയെ തിരികെ കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന് അനുപമയും അജിത്തും പറയുന്നു. പരാതി നല്‍കിയിട്ടും പൊലീസ് എഫ്‌ഐആര്‍ ഇടാന്‍ പോലും തയ്യാറായില്ല.

തന്നെ തെറ്റിധരിപ്പിച്ച്‌ ചേച്ചിയുടെ വിവാഹാവശ്യത്തിനുള്ള വസ്തു ഇടപാടിന്റേതെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തി രേഖയുണ്ടാക്കി കുഞ്ഞിനെ അമ്മ തൊട്ടിലിന് കൈമാറിയത്. കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറിയത് അനുപമയുടെ അനുമതിയോടെയാണെന്ന് കാണിക്കാന്‍ ആ പേപ്പറുകളാണ് ജയചന്ദ്രന്‍ ഹാജരാക്കുന്നതെന്ന് അജിത്ത് ആരോപിക്കുന്നു. കുഞ്ഞിനെ കൊടുത്തുവെന്ന് പറയുന്ന തീയതിയില്‍ അമ്മതൊട്ടിലില്‍ എത്തിച്ച കുട്ടികളിലൊന്നിനെ ദത്ത് നല്‍കുകയുണ്ടായിട്ടുണ്ട്.

ഗര്‍ഭം അലസിപ്പിച്ച്‌ കളയാന്‍ ഒരുപാട് സമ്മര്‍ദ്ദങ്ങളുണ്ടായി. ഒന്നുകില്‍ ആത്മഹത്യ ചെയ്യാം അല്ലെങ്കില്‍ ഞങ്ങള്‍ ഭ്രാന്താശുപത്രിയില്‍ അടയ്ക്കും എന്നാണ് സ്വന്തം മാതാപിതാക്കള്‍ പറഞ്ഞത്. കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും എനിക്കറിയില്ല. ഇനി കോടതിയുടെ സഹായം തേടാനാണ് തീരുമാനം- അനുപമ പറയുന്നു.

ഡിവൈഎഫ്‌ഐ നേതാവായ അജിത്തുമായി പ്രണയത്തിലായ ശേഷം വിവാഹത്തിന് മുന്‍പ് അയാളില്‍ നിന്ന് ഗര്‍ഭിണിയായതാണ് അനുപമയുടെ വീട്ടുകാരുടെ എതിര്‍പ്പിന് കാരണം. കുട്ടിയെ മാറ്റിയെങ്കിലും ചേച്ചിയുടെ വിവാഹത്തിന് ശേഷം അജിത്തിനും കുട്ടിക്കുമൊപ്പം ജീവിക്കാന്‍ അനുവദിക്കാമെന്ന് മാതാപിതാക്കള്‍ സമ്മതിച്ചിരുന്നുവെന്നും അനുപമ പറയുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴി പോലും കുട്ടിയെ തട്ടിക്കൊണ്ട് പോകാതിരിക്കാന്‍ പരമാവധി എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ലെന്നും അനുപമ നേരത്തെ പറഞ്ഞിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *