ഗസ്സ ദുരിതാശ്വാസത്തിന് 10 ലക്ഷം ഡോളര്‍ അനുവദിച്ച്‌ ഖത്തര്‍

October 14, 2023
47
Views

ഇസ്രായേലിന്റെ ഇടതടവില്ലാത്ത ആക്രമണം ദുരന്ത ഭൂമിയാക്കിമാറ്റി ഗസ്സയിലെ അടിയന്തര മാനുഷിക സഹായമായി പത്തു ലക്ഷം ഡോളര്‍

ദോഹ: ഇസ്രായേലിന്റെ ഇടതടവില്ലാത്ത ആക്രമണം ദുരന്ത ഭൂമിയാക്കിമാറ്റി ഗസ്സയിലെ അടിയന്തര മാനുഷിക സഹായമായി പത്തു ലക്ഷം ഡോളര്‍ പ്രഖ്യാപിച്ച്‌ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി.

ഒരാഴ്ചയായി തുടരുന്ന ആക്രമണത്തില്‍ ആശുപത്രി, ചികിത്സാ സംവിധാനങ്ങള്‍ പാടെ തകര്‍ന്ന സാഹചര്യത്തിലാണ് ഗസ്സയിലെ ആശുപത്രികള്‍ക്കായി മരുന്ന്, ആംബുലൻസ്, ശസ്ത്രക്രിയ സജ്ജീകരണങ്ങള്‍, ഐ.സി.യു വിഭാഗം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും പത്തു ലക്ഷം ഡോളര്‍ (8.32 കോടി രൂപ) സഹായമായി പ്രഖ്യാപിച്ചത്.

ഖത്തര്‍ റെഡ് ക്രസന്റിന്റെ ഗസ്സ, അല്‍ ഖുദ്സ്, വെസ്റ്റ്ബാങ്ക് എന്നിവടങ്ങളിലെ പ്രതിനിധി ഓഫിസുകള്‍ വഴി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും, തങ്ങളുടെ ഡിസാസ്റ്റര്‍ ഇൻഫര്‍മേഷൻ മാനേജ്മെന്റ് സെന്റര്‍ (ഡി.ഐ.എം.സി) പ്രവര്‍ത്തന സജ്ജമായെന്നും അധികൃതര്‍ അറിയിച്ചു. വിവിധ മേഖലകളിലെ ഡി.ഐ.എം.സി കേന്ദ്രങ്ങള്‍ ഫലസ്തീൻ റെഡ്ക്രസൻറ് സൊസൈറ്റി, ഗസ്സയിലെ മറ്റു അന്താരാഷ്ട്ര സംഘടനകള്‍ എന്നിവരുമായി ഏകോപിപ്പിച്ചാണ് വിവരശേഖരണവും ദുരിതാശ്വാസ-മാനുഷിക പ്രവര്‍ത്തനങ്ങളും നടത്തുന്നത്.

ഗസ്സയിലെ ക്യു.ആര്‍.സി.എസ് ഓഫിസ് വഴി ആദ്യ ഘട്ടമെന്ന നിലയില്‍ രണ്ടു ലക്ഷം ഡോളറിന്റെ അടിയന്തര സഹായപദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച്‌ പരിക്കേറ്റവര്‍ക്കായി മരുന്ന്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കിയാണ് എമര്‍ജൻസി മെഡിക്കല്‍ സര്‍വിസ് സംഘത്തെ പിന്തുണക്കുന്നത്. അതിനിടെ, നാല് ഫലസ്തീൻ റെഡ്ക്രസന്റ് സൊസൈറ്റിയുടെ പാരാമെഡിക്കല്‍ വളന്റിയര്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്യു.ആര്‍.സി.എസ് ദുഃഖം അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ നീതീകരിക്കാനാവില്ലെന്നും അപലപനീയമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. യുദ്ധമുഖത്ത് സേവനം ചെയ്യുന്ന ഇന്റര്‍നാഷനല്‍ റെഡ് ക്രസന്റ്- റെഡ്ക്രോസ് സംഘടന പ്രവര്‍ത്തകരെ ആക്രമിക്കുന്നതും ജീവഹാനി വരുത്തുന്നതും അന്താരാഷ്ട്ര മാനുഷ്യാവകാശ നിയമങ്ങളുടെയും 1949ലെ ജനീവ കണ്‍വെൻഷന്റെയും ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. ഖത്തര്‍ ചാരിറ്റി നേതൃത്വത്തില്‍ ഫലസ്തീനു വേണ്ടി എന്ന പേരില്‍ ഇതിനകം തന്നെ ദുരിതാശ്വാസ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. മരുന്ന്, ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രങ്ങള്‍ ഉള്‍പ്പെടെ അവശ്യ സാധനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഫണ്ട് ശേഖരണം നടത്തുന്നത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *