ഹരിയാനയിൽ കർഷകപ്രതിഷേധത്തിനിടെ സംഘർഷം: പൊലീസ് ലാത്തി വീശി; നിരവധി കർഷകർക്ക് പരിക്ക്

August 28, 2021
489
Views

ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിൽ കർഷകർ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പോലീസ് ലാത്തിവീശി. നിരവധി കർഷകർക്ക് പരിക്ക്. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ വിളിച്ചു ചേർത്ത ബി ജെ പി ജനപ്രതിനിധികളുടെ യോഗത്തിനെതിരെ ആയിരുന്നു കർഷകരുടെ പ്രതിഷേധം. കർഷകരുടെ മൂന്നാം ഘട്ട സമര പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.

കർഷക പ്രക്ഷോഭം നടക്കുന്ന കർണാലിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളിലും സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തെ നേരിടാൻ അടുത്ത സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി സംയുക്ത കിസാൻ മോർച്ച രംഗത്തെത്തിയിട്ടുണ്ട്. ഹരിയാനയിലെ എല്ലാ ദേശീയപാതകളും ഉപരോധിക്കാൻ കിസാൻ മോർച്ച ആഹ്വാനം ചെയ്തു. കൂടൂതൽ കർഷകർ കർണാൽ ടോൾ പ്ലാസക്ക് സമീപം സംഘടിച്ചെത്തുന്നുണ്ട്. സംഘർഷത്തിൽ 50 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി.

കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് കർഷക സംഘടനകൾ ഗുരുദ്വാര കർ സേവയിൽ പ്രതിഷേധക്കാരുടെ യോഗം വിളിച്ചു ചേർത്തത്. കർഷകരുടെ ഒത്തുചേരൽ ഒഴിവാക്കാൻ ഗുരുദ്വാരയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയിരുന്നു. സമാധാനപരമായ അന്തരീക്ഷത്തിൽ പ്രതിഷേധം നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ക്രമസമാധാനം തർക്കാൻ ആരെയും അനുവദിക്കില്ലെന്നും കർണാൽ പൊലീസ് സൂപ്രണ്ട് ഗംഗാറാം പുനിയ പറഞ്ഞു.

സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ചുളള ചർച്ചക്ക് വേണ്ടിയാണ് യോഗം സംഘടിപ്പിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. രാവിലെ 10 മുതൽ വൈകിട്ട് 3 മണിവരെയുള്ള യോഗത്തിൽ കാബിനറ്റ് മന്ത്രിമാർ, എംപിമാർ എന്നിവർ സംബന്ധിച്ചു. ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് വരാനുള്ള കർഷകരുടെ ശ്രമമാണ് സംഘർഷത്തിന് കാരണമെന്നാണ് ഹരിയാന പൊലീസിന്റെ വിശദീകരണം.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *