വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം; മിന്നല്‍ പരിശോധന നടത്തി കെപിസിസി

February 25, 2022
112
Views

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ മുന്നില്‍ പരിശോധനയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഗ്രൂപ്പ് യോഗം ചേരുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന.
ഇന്നലെ രാത്രിയാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായി കന്‍ോണ്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം നടക്കുന്നെന്ന സംശയത്തില്‍ കെപിസിസി പ്രസിഡന്റ് ആളെ ആയച്ചത്. രാത്രി പത്തോടെ കെപിസിസി സംഘം കന്റോണ്‍മെന്റില്‍ എത്തിയപ്പോള്‍ അവിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തില്‍ പത്തിലേറെ പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്നു. നടന്നതു ഗ്രൂപ്പ് യോഗമല്ലെന്നും ‘വെറുതെ ഒന്ന് ഇരുന്നതാണെ’ന്നുമാണു യോഗത്തിലുണ്ടായിരുന്ന നേതാക്കളുടെ വിശദീകരണം. എന്നാല്‍ ഗ്രൂപ്പ് യോഗത്തിനെതിരേ ഹൈക്കമാന്‍ഡിനു പരാതി നല്‍കാന്‍ ഒരുങ്ങുകയാണു കെപിസിസി നേതൃത്വം.

കന്റോണ്‍മെന്റ് ഹൗസില്‍ നേതാക്കള്‍ തമ്പടിച്ചിട്ടുണ്ടെന്നറിഞ്ഞ് ഇന്നലെ രാത്രി പത്തോടെയാണു കെ.സുധാകരന്‍ പരിശോധിക്കാന്‍ ആളെ വിട്ടത്. സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍, കെപിസിസി പ്രസിഡന്റിന്റെ സെക്രട്ടറി വിപിന്‍മോഹന്‍ എന്നിവരായിരുന്നു സംഘത്തില്‍. അകത്തുണ്ടായിരുന്ന നേതാക്കളില്‍ മിക്കവരും ഇവര്‍ എത്തിയതോടെ പല വാതിലുകള്‍ വഴി പുറത്തിറങ്ങി. ചുരുക്കം ചിലര്‍ മുന്‍വാതിലിലൂടെയും.

ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം.എം.വാഹിദ്, വി.എസ്.ശിവകുമാര്‍, കെ.എസ്.ശബരീനാഥ് തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ നേതാക്കളും കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.ശ്രീകുമാര്‍, യൂജിന്‍ തോമസ് തുടങ്ങിയവരുമാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നത്. ചേര്‍ന്നതു ഗ്രൂപ്പ് യോഗമല്ലെന്നും പ്രതിപക്ഷ നേതാവിന്റെ സൗകര്യമനുസരിച്ച് അദ്ദേഹത്തെ കാണാന്‍ എത്തിയതായിരുന്നുവെന്നും നേതാക്കള്‍ പറയുന്നു. ഇന്നലെ നിയമസഭയുണ്ടായിരുന്നതിനാല്‍ രാഷ്ട്രീയകാര്യങ്ങള്‍ക്കു പകല്‍ പ്രതിപക്ഷ നേതാവിനെ കിട്ടിയിരുന്നില്ല. പ്രതിപക്ഷ നേതാവിനെ പ്രധാന നേതാക്കള്‍ കാണുന്നതിനു ഗ്രൂപ്പ് യോഗത്തിന്റെ പരിവേഷം നല്‍കേണ്ടതില്ലെന്നും ഇവര്‍ പറയുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *