റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ

February 25, 2022
80
Views

യുക്രൈനിലെ സൈനിക നടപടിയുടെ പേരിൽ റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനമെടുത്തതായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ. സാമ്പത്തിക ശേഷിയും മാനുഷിക പിന്തുണയും സമാഹരിക്കാൻ യുക്രൈനിയൻ ജനതയ്ക്കും ഭരണകൂടത്തിനും ഉള്ള പിന്തുണയും ചർച്ച ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് ശേഷമാണ് ചാൾസിൻ്റെ പ്രതികരണം.

റഷ്യയ്‌ക്കെതിരായ പുതിയ യൂറോപ്യൻ യൂണിയൻ ഉപരോധം റഷ്യൻ ബാങ്കിംഗ് മേഖലയുടെ 70 ശതമാനത്തെ ബാധിക്കുമെന്നും ആധുനിക സാങ്കേതിക വിദ്യകളിലേക്കുള്ള പ്രവേശനം റഷ്യക്ക് നിഷേധിക്കുമെന്നും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. റഷ്യയുടെ പ്രവർത്തനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കൂടുതൽ നിയന്ത്രണ നടപടികൾ യൂറോപ്യൻ കൗൺസിൽ അംഗീകരിച്ചു.

സാമ്പത്തിക മേഖല, ഊർജ, ഗതാഗത മേഖലകൾ, ഇരട്ട ഉപയോഗ സാധനങ്ങൾ, കയറ്റുമതി നിയന്ത്രണം, കയറ്റുമതി ധനസഹായം, വിസ നയം, റഷ്യൻ വ്യക്തികളുടെ അധിക ലിസ്റ്റിംഗുകൾ, പുതിയ ലിസ്റ്റിംഗ് മാനദണ്ഡങ്ങൾ എന്നിവ ഈ ഉപരോധങ്ങളിൽ ഉൾപ്പെടുന്നു എന്ന് യൂറോപ്യൻ കൗൺസിൽ പ്രസ്താവനയിൽ പറയുന്നു. അതേസമയം റഷ്യക്ക് മുന്നറിയിപ്പുമായി ഫ്രാന്‍സ് രംഗത്തെത്തി. നാറ്റോയുടെ പക്കലും ആണവായുധമുണ്ടെന്ന് പുടിന്‍ ഓര്‍ക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. അതേസമയം നേരിട്ട് യുദ്ധത്തിനില്ലെന്നും റഷ്യക്കുമേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും പുടിനുമായി ചര്‍ച്ചക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. യുദ്ധം തുടങ്ങിയ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധവും അമേരിക്ക പ്രഖ്യാപിച്ചു. മാസങ്ങള്‍ക്ക് മുമ്പേ പുടിന്‍ ആക്രമണം തീരുമാനിച്ചിരുന്നുവെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു.

റഷ്യക്കെതിരെ നിർണായക സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടൺ. ബ്രിട്ടീഷ് പാ‍ർലമെന്റിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് യുക്രൈൻ അധിനിവേശത്തിൻ്റെ പേരിൽ റഷ്യക്കെതിരെ അതിശക്തമായ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക ഇടപാടുകൾക്ക് ആയി ഉപയോ​ഗിക്കുന്ന സ്വിഫ്റ്റ് പേയ്‌മെന്റുകളിൽ നിന്ന് റഷ്യയെ ഒഴിവാക്കാനുള്ള സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പാർലമെൻ്റിനെ അറിയിച്ചു.

Article Categories:
Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *