ഇൻഡോനേഷ്യൻ ആശുപത്രി ലക്ഷ്യമിട്ട് ഇസ്രയേല്‍  12 പേര്‍ കൊല്ലപ്പെട്ടു

November 21, 2023
40
Views

ടെല്‍ അവീവ് : അല്‍ – ഷിഫയ്ക്ക് പിന്നാലെ വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിലെ ഇൻഡോനേഷ്യൻ ആശുപത്രിയെ വളഞ്ഞ് ഇസ്രയേല്‍.

ഇന്നലെ ആശുപത്രിക്ക് നേരെയും സമീപത്തുമുണ്ടായ ആക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു. രോഗികളും ജീവനക്കാരുമടക്കം ഏകദേശം 700 പേരാണ് ആശുപത്രിക്കുള്ളില്‍.

ആയിരത്തിലേറെ അഭയാര്‍ത്ഥികള്‍ ആശുപത്രിയുടെ ചുറ്റുമുണ്ട്. മുന്നറിയിപ്പില്ലാതെയാണ് ആശുപത്രിയെ ആക്രമിച്ചതെന്ന് പറയുന്നു. ആശുപത്രിയുടെ 200 മീറ്റര്‍ അകലെ വരെ ഇസ്രയേല്‍ ടാങ്കുകളെത്തി. ആക്രമണത്തെ ഇൻഡോനേഷ്യ അപലപിച്ചു. ഇൻഡോനേഷ്യയുടെ ധനസഹായത്തോടെ 2016ല്‍ സ്ഥാപിച്ച ആശുപത്രിയാണിത്.

അതിനിടെ, അല്‍ – ഷിഫയില്‍ നിന്ന് കഴിഞ്ഞ ദിവസം യു.എന്നും റെഡ്ക്രോസും ചേര്‍ന്ന് രക്ഷിച്ച 31 നവജാത ശിശുക്കളില്‍ 28 പേരെ ചികിത്സയ്ക്കായി ഈജിപ്റ്റിലെത്തിച്ചു. ഒരു കുഞ്ഞിന്റെ മാതാപിതാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ട് കുട്ടികളെ ഈജിപ്റ്റിലേക്ക് മാറ്റാൻ രക്ഷിതാക്കള്‍ അനുവദിച്ചില്ല.

തെക്കൻ ഗാസയില്‍ അല്‍ – അഹ്‌ലി എമിറേറ്റ്സ് ആശുപത്രിയിലുള്ള ഈ മൂന്ന് കുഞ്ഞുങ്ങളുടെയും നില തൃപ്തികരമാണ്. ഹമാസ് ബന്ദികളാക്കിയ ചിലരെ വരും ദിവസങ്ങളില്‍ മോചിപ്പിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസിലെ ഇസ്രയേല്‍ അംബാസഡര്‍ മൈക്കല്‍ ഹെര്‍സോഗ് പ്രതികരിച്ചു.

 മരണം 13,000 കടന്നു

 ഗാസയില്‍ മരണം 13,000 കടന്നു

 മരിച്ചവരില്‍ 5,500 കുട്ടികള്‍

 ഗാസ വിഷയം ചര്‍ച്ച ചെയ്യാൻ അറബ് ലീഗ്, ഓര്‍ഗനൈസേഷൻ ഒഫ് ഇസ്ലാമിക് കോ – ഓപ്പറേഷൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് മോസ്കോയില്‍ ചേരും

 ഹമാസ് തീവ്രവാദികള്‍ ബന്ദികളെ അല്‍ – ഷിഫയിലെത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടു

 ഒരു ഇസ്രയേലി സൈനികനെ ഹമാസ് അല്‍ – ഷിഫയില്‍ വച്ച്‌ വധിച്ചെന്നും ആരോപണം

 അല്‍ – ഷിഫയുടെ പരിസരത്ത് 10 മീറ്റര്‍ ആഴത്തില്‍ കണ്ടെത്തിയെന്ന് പറയുന്ന 55 മീറ്റര്‍ നീളമുള്ള ഹമാസ് ടണലിന്റെ ദൃശ്യങ്ങളും ഇസ്രയേല്‍ പുറത്തുവിട്ടു

 അപലപിച്ച്‌ ജപ്പാൻ

ഞായറാഴ്ച ചെങ്കടലില്‍ വച്ച്‌ ‘ ഗാലക്സി ലീഡര്‍ ‘ ചരക്കുക്കപ്പലിനെ യെമനിലെ ഹൂതി വിമതര്‍ റാഞ്ചിയതിനെതിരെ ജപ്പാൻ രംഗത്ത്. കപ്പലിന്റെ മോചനത്തിനായി ജപ്പാൻ ഹൂതികളുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ട്.

ഇസ്രയേല്‍ വ്യവസായിയുടെ ഭാഗിക ഉടമസ്ഥതയിലുള്ള കപ്പല്‍ നിലവില്‍ ഒരു ജാപ്പനീസ് കമ്ബനിയാണ് ഉപയോഗിക്കുന്നത്. തുര്‍ക്കിയെയില്‍ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പലിലേക്ക് ഹൂതികള്‍ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ഇറങ്ങിയ ശേഷം യെമൻ തീരത്തേക്ക് വഴിതിരിപ്പിക്കുകയായിരുന്നു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *