രാത്രിയിൽ ജെസിബികളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്ന പ്രതി അറസ്റ്റിൽ

November 20, 2021
258
Views

എടക്കര: രാത്രിയിൽ ജെസിബികളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്ന പ്രതി അറസ്റ്റിൽ. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി ചിറക്കൊല്ലിമീത്തൽ വിനൂപ് എന്ന വിനു (31) ആണ് പിടിയിലായത്. ഈ മാസം 16ന് രാത്രി എടക്കര കാറ്റാടിയിൽ എം സാന്റ് യൂണിറ്റിൽ നിർത്തിയിട്ട ജെസിബിയിൽ നിന്നും കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ വഴിക്കടവ് മുണ്ടയിലെ ഷെഡിൽ നിർത്തിയ ജെസിബിയിൽ നിന്നും ബാറ്ററികൾ മോഷണം പോയിരുന്നു. കൂടാതെ മുണ്ടയിൽ റോഡരികത്തു നിർത്തിയിട്ട ലോറിയുടെ ഭാഗങ്ങളും അടുത്തിടെ മോഷണം പോയിരുന്നു.

ഈ കാര്യത്തിന് വാഹന ഉടമകൾ വഴിക്കടവ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണ സംഘം സി സി ടി വികൾ കേന്ദ്രീകരിച്ചും ആക്രികടകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്വന്തമായി ദിവസ വാടകക്കെടുത്ത ഓട്ടോയിൽ സംശയം തോന്നാതിരിക്കാൻ കൂടെ താമസിക്കുന്ന വഴിക്കടവ് സ്വദേശിനിയായ യുവതിയുമൊത്താണ് പ്രതി നിലമ്പൂരിലെ ആക്രിക്കടകളിൽ ബാറ്ററികൾ വിൽപ്പന നടത്താനെത്തിയിരുന്നത്. ഇരുപതിനായിരം രൂപ വരെ വിലയുള്ള ബാറ്ററികൾ വെറും അയ്യായിരത്തിനു താഴെ വിലക്കാണ് വിറ്റിരുന്നത്.

ഓട്ടോയിൽ യാത്ര ചെയ്യുന്ന യാത്രക്കാരിയുടെ വീട്ടിലെ ഇൻവെർട്ടറിലെ ബാറ്ററിയാണ്, ഇടിമിന്നലിൽ ഇൻവെർട്ടർ തകരാറായതാണ് വിൽപന നടത്താൻ കാരണം എന്ന് പറഞ്ഞാണ് വിൽപ്പന നടത്തിയിരുന്നത്. വഴിക്കടവ് പാലാട് നിന്നും മഫ്തി വേഷത്തിലെത്തിയ പൊലീസ് ഓട്ടോ ട്രിപ്പിനാണെന്നു പറഞ്ഞ് സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.

ഇയാൾ രണ്ട് വർഷം മുമ്പ് തിരുവനന്തപുരം പാറശാലയിൽ ടാങ്കറിൽ സ്പിരിറ്റ് കടത്തിയ കേസിലും കഴിഞ്ഞ ലോക്ഡൗൺ കാലത്തു കുറ്റ്യാടിയിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷ്ടിച്ച് കോട്ടയത്തേക്കു കടത്തും വഴി കുമരകത്തു പോലീസ് പിടിയിലായ കേസിലും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. തിരുവല്ലക്കാരിയായ യുവതിയുമായുള്ള ആദ്യ വിവാഹം മറച്ച് വെച്ചാണ് അടുത്തിടെ വഴിക്കടവ് സ്വദേശിനിയെ കോഴിക്കോട് വെച്ച് പരിചയപ്പെട്ടു പ്രണയിച്ചു വിവാഹം കഴിച്ച് വഴിക്കടവിലെത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

നേരത്തെ, കുറ്റ്യാടിയിൽ നിന്ന് മോഷ്ടിച്ച സ്വകാര്യ ബസ്സുമായി യുവാവ് ജില്ലകൾ താണ്ടി കോട്ടയം വരെ എത്തിയത് കേരളത്തെ ആകെ ഞെട്ടിച്ചിരുന്നു. സമ്പൂർണ ലോക്ക്ഡൗൺ തുടങ്ങിയ മെയിലായിരുന്നു ഈ സംഭവം. കുറ്റ്യാടി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസാണ് യുവാവ് മോഷ്ടിച്ചത്. സ്റ്റാൻഡ് വിജനമായത് കൊണ്ട് തന്നെ ബസ് മോഷണം പോയ വിവരം ആരും അറിഞ്ഞുമില്ല.

നേരം പുലരുമ്പോഴേക്കും കുറ്റ്യാടിയിൽ നിന്ന് 250ൽ അധികം കിലോമീറ്റർ സഞ്ചരിച്ച് നാല് ജില്ലകളും കടന്ന് കോട്ടയം കുമരകം വരെ വിനു എത്തി. പക്ഷേ, രാവിലെ കുമരകം പൊലീസ് സ്റ്റേഷൻ അതിർത്തിയായ കവനാട്ടിൻകരയിലെ പൊലീസ് ചെക്ക് പോയിന്റിലെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു.

ലോക്ക്ഡൗൺ ദിവസം മതിയായ അനുമതിയും രേഖകളും ഒന്നും ഇല്ലാതെ നിരത്തിൽ കണ്ട സ്വകാര്യ ബസ്സിൽ സംശയം തോന്നിയത്തോടെയാണ് വാഹനം ഓടിച്ച വിനുവിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി ബസ് മോഷ്ടിച്ചതാണെന്ന് സമ്മതിക്കുകയായിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *