ക്രിപ്റ്റോ കറൻസി കൈക്കലാക്കാനായി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസുകാരനടക്കം എട്ടുപേർ അറസ്റ്റിൽ

February 2, 2022
173
Views

പുണെ: ക്രിപ്റ്റോ കറൻസി കൈക്കലാക്കാനായി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസുകാരനടക്കം എട്ടുപേർ അറസ്റ്റിൽ. 300 കോടി രൂപയുടെ ബിറ്റ്കോയിൻ ക്രിപ്റ്റോ കറൻസി കൈക്കലാക്കാനായാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്.

പുണെ സൈബർ ക്രൈം സെല്ലിലെ ഹെഡ് കോൺസ്റ്റബിളായ ദിലീപ് ഠുക്കാറാം ഖണ്ഡാരെ, സുനിൽ റാം ഷിൻഡേ, വസന്ത് ശ്യാംറാവു ചവാൻ, ഫ്രാൻസിസ് തിമോത്തി ഡിസൂസ, മയൂർ മഹേന്ദ്ര ഷിർക്കെ, പ്രദീപ് കാശിനാഥ്, രാജേഷ് ബൻസാൽ, ശിരിഷ് ചന്ദ്രകാന്ത് എന്നിവരെയാണ് പുണെ പോലീസ് പിടികൂടിയത്. പോലീസുകാരനായ ദിലീപാണ് കേസിലെ മുഖ്യപ്രതിയെന്നും ഇയാളാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നും സോൺ 2 ഡെപ്യൂട്ടി കമ്മീഷണറായ ആനന്ദ് ബോയിത്തെ മാധ്യമങ്ങളോട് പറഞ്ഞു.

പുണെ താത്തെവാഡെ സ്വദേശിയായ വിനയ് നായിക്കിനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. ജനുവരി 14-ാം തീയതിയായിരുന്നു സംഭവം. ഓഹരി വിപണിയിൽ സജീവമായ വിനയ് നായിക്കിന്റെ കൈവശം 300 കോടി രൂപയുടെ ബിറ്റ്കോയിൻ നിക്ഷേപമുണ്ടെന്ന് സൈബർക്രൈം സെല്ലിലെ ഉദ്യോഗസ്ഥനായ ദിലീപ് അറിഞ്ഞിരുന്നു.

തുടർന്നാണ് ക്രിമിനൽ സംഘാംഗങ്ങളായ മറ്റുപ്രതികൾക്കൊപ്പം ചേർന്ന് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്. 300 കോടി രൂപയുടെ ബിറ്റ്കോയിൻ യുവാവിൽനിന്ന് കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

ജനുവരി 14-ാം തീയതി ഒരു ഹോട്ടലിൽനിന്നാണ് പ്രതികൾ യുവാവിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് വിനായകിന്റെ സുഹൃത്ത് പോലീസിൽ പരാതിപ്പെടുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതോടെ പിടിക്കപ്പെടുമെന്ന് കരുതി പ്രതികൾ യുവാവിനെ സമീപപ്രദേശത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വിനയ് നായിക്കിന്റെ മൊഴികളിൽനിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

തട്ടിക്കൊണ്ടുപോയത് ബിറ്റ്കോയിന് വേണ്ടിയാണെന്നും യുവാവ് പോലീസിനോട് പറഞ്ഞിരുന്നു. തുടർന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ എട്ടുപ്രതികളും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *