പി. സതീദേവി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ആയേക്കും: ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

August 17, 2021
306
Views

തിരുവനന്തപുരം: സിപിഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറിയുമായ പി. സതീദേവി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ആയേക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇതു സംബന്ധിച്ച് ധാരണയായി എന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും.

സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ എം.സി. ജോസഫൈൻ രാജിവെച്ചതിനെ തുടർന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിവുവന്നത്. ഈ സ്ഥാനത്തേക്ക് ഒരു മാസത്തിലേറെയായി പുതിയ ആളെ നിയമിച്ചിരുന്നില്ല. സതീദേവിയെ പുതിയ അധ്യക്ഷയാക്കാൻ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയായതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം അനൗദ്യോഗികമായി സതീദേവിയെ പാർട്ടി അറിയിച്ചിട്ടുണ്ട്. എന്നാൽ നിയമപരമായ നടപടികൾ പൂർത്തിയാക്കി ഗവർണറുടെ അനുമതിയോടെ മാത്രമേ പുതിയ ആളെ പ്രഖ്യാപിക്കൂ എന്നാണ് വിവരം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *