കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ആസ്ഥാന മന്ദിര ഉദ്ഘാടനം ഇന്ന്

August 1, 2023
34
Views

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്കുന്ന ലീപ് അംഗത്വ കാര്‍ഡിന്‍റെ പ്രകാശനവും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നവീകരിച്ച ആസ്ഥാന മന്ദിര ഉദ്ഘാടനവും ടെക്നോപാര്‍ക്കിലെ തേജസ്വിനിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിര്‍വഹിക്കും.

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്കുന്ന ലീപ് അംഗത്വ കാര്‍ഡിന്‍റെ പ്രകാശനവും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നവീകരിച്ച ആസ്ഥാന മന്ദിര ഉദ്ഘാടനവും ടെക്നോപാര്‍ക്കിലെ തേജസ്വിനിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിര്‍വഹിക്കും.

രാവിലെ 11നാണ് ചടങ്ങ്. സ്റ്റാര്‍ട്ടപ്പ് ഇൻകുബേഷൻ കേന്ദ്രങ്ങളെ ലീപ് (ലോഞ്ച്, എംപവര്‍, ആക്സിലറേറ്റ്, പ്രോസ്പര്‍) കോവര്‍ക്കിംഗ് സ്പേയ്സുകളെന്ന് പുനര്‍നാമകരണം ചെയ്ത് സംസ്ഥാനത്തുടനീളം കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനാണ് സ്റ്റാര്‍ട്ടപ്പ് മിഷൻ പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അംഗത്വ കാര്‍ഡ് ലഭ്യമാക്കും.

ലീപ് അംഗത്വ കാര്‍ഡിലൂടെ എല്ലാ ലീപ് കേന്ദ്രങ്ങളിലേയും സൗകര്യങ്ങള്‍ സബ്സിഡിയോടെ ഉപയോഗിക്കാൻ കഴിയും. അംഗത്വ കാര്‍ഡിന് ഒരു വര്‍ഷത്തെ കാലാവധിയാണുള്ളത്. സ്റ്റാര്‍ട്ടപ്പുകള്‍, പ്രഫഷണലുകള്‍, ഏയ്ഞ്ചല്‍ നിക്ഷേപകര്‍, വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റുകള്‍ തുടങ്ങിയവര്‍ക്ക് ലീപ് അംഗത്വ കാര്‍ഡ് ലഭിക്കും.

അനുയോജ്യമായ വര്‍ക്ക് സ്റ്റേഷനുകള്‍ മുൻകൂട്ടി കണ്ടെത്താനും ഉറപ്പാക്കാനുമുള്ള സൗകര്യം, കെഎസ്‌യുഎമ്മിന്‍റെ എല്ലാ ഇൻകുബേഷൻ കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം, ഹഡില്‍ ഗ്ലോബല്‍ ഉള്‍പ്പെടെയുള്ള കെഎസ്‌യുഎമ്മിന്‍റെ എല്ലാ പരിപാടികളിലുമുള്ള പങ്കാളിത്തം, പരിപാടികളില്‍ പങ്കെടുക്കുന്നതിന് 25 ശതമാനം സബ്സിഡി, രാജ്യത്തുടനീളമുള്ള ലീപ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, ഇന്‍റേണ്‍ഷിപ്പുകള്‍ക്കൊപ്പം ലഭിക്കുന്ന സാങ്കേതിക പരിശീലനം, സ്റ്റാര്‍ട്ടപ്പ് മാച്ച്‌ മേക്കിംഗ് അവസരം, നിക്ഷേപകരുമായി ആശയവിനിമയത്തിനുള്ള അവസരം തുടങ്ങിയവ ലീപ് അംഗത്വ കാര്‍ഡിലൂടെ ലഭിക്കും.

സ്റ്റാര്‍ട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്‍ററുകളില്‍ രജിസ്റ്റര്‍ ചെയ്യാം. മികച്ച രീതിയില്‍ രൂപകല്‍പന ചെയ്ത തൊഴിലിടങ്ങള്‍, അതിവേഗ ഇന്‍റര്‍നെറ്റ്, മീറ്റിംഗ് റൂമുകള്‍ തുടങ്ങി ആധുനിക സൗകര്യങ്ങള്‍ ലീപ്പിലുണ്ടാകും.

പ്രഫഷണലുകള്‍ക്ക് ദിവസ, മാസ വ്യവസ്ഥയില്‍ ലീപ് കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കാം. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്കും യാത്ര ചെയ്യേണ്ടി വരുന്ന പ്രഫഷണലുകള്‍ക്കും ഈ സൗകര്യം ഗുണകരമാകും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *