എണ്‍പത് ലക്ഷത്തിന്റെ ലോട്ടറിയടിച്ചിട്ടും കടബാധ്യത; വീട്ടമ്മ മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കി

August 5, 2021
366
Views

കോട്ടയം: സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് വീട്ടമ്മ മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ അരീപ്പറമ്ബ് കുന്നത്തുകുടിയില്‍ സുമേഷിന്റെ ഭാര്യ സൗമ്യ (39) യാണ് ആറ്റില്‍ച്ചാടി മരിച്ചത്. ഏറ്റുമാനൂരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സൗമ്യ ഓഫിസില്‍ നിന്നു തിരികെ വരുന്ന വഴി കിടങ്ങൂര്‍ കട്ടച്ചിറ റോഡില്‍ പമ്ബ് ഹൗസിന്റെ സമീപത്ത് വണ്ടിയും ബാഗും വെച്ച ശേഷമാണ് മീനച്ചിലാറ്റിലേക്ക് എടുത്ത് ചാടിയത്.

ലക്ഷങ്ങള്‍ളുടെ കടബാധ്യത സൗമ്യയെ മാനസികമായി തകര്‍ത്തിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. സൗമ്യയുടെ ഭര്‍ത്താവിനു നേരത്തേ 80 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം ലഭിച്ചിരുന്നു. ഇവര്‍ ഈ തുക ഉപയോഗിച്ചു പുതിയ വീട് വാങ്ങിയിരുന്നു. പിന്നീട് കുടുംബത്തിനു 15 ലക്ഷം രൂപയോളം സാമ്ബത്തിക ബാധ്യതയുണ്ടായിരുന്നതായി സൗമ്യയുടെ ബന്ധുക്കള്‍ പറഞ്ഞു. ഈ കടം എങ്ങനെ വീട്ടുമെന്നത് ഇവരെ അലട്ടിയിരുന്നു.

ചൊവ്വാഴ്ച ജോലി കഴിഞ്ഞു സൗമ്യ വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പൊലീസ് കിടങ്ങൂരിലെത്തി. ആറിനു സമീപം സൗമ്യയുടെ ബാഗും സ്‌കൂട്ടറും കണ്ടെത്തി. പൊലീസും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ രാത്രി പതിനൊന്നരയോടെ മൃതദേഹം കണ്ടെത്തി. ആത്മഹത്യക്കുറിപ്പും സംഭവസ്ഥലത്തു നിന്നു കണ്ടെത്തി.

മാതാപിതാക്കള്‍ ക്ഷമിക്കണമെന്നായിരുന്നു ആത്മഹത്യക്കുറിപ്പില്‍ ഉണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു. കടബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു. ളാക്കാട്ടൂരിലുള്ള വീട് വിറ്റ് കടം വീട്ടാനായിരുന്നു ഉദ്ദേശ്യം. ഈയിടെ വീടിന്റെ കച്ചവടം ഉറപ്പിച്ചെങ്കിലും നടന്നില്ല. ഇതു മൂലം സൗമ്യ ദുഃഖിതയായിരുന്നു. കൂരോപ്പട ചെമ്ബരത്തിമൂട്ടില്‍ സൗമ്യ ബോര്‍വെല്‍ ആന്‍ഡ് വര്‍ക്ഷോപ് ഉടമ സുകുമാരന്റെയും ശാന്തമ്മയുടെയും മകളാണ് സൗമ്യ. മകള്‍: ലക്ഷ്മി. സംസ്‌കാരം നടത്തി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *