കേരള ലളിതകലാ അക്കാദമി മുൻ ചെയര്‍മാൻ പ്രഫ. സി.എല്‍. പൊറിഞ്ചുക്കുട്ടി നിര്യാതനായി

November 19, 2023
42
Views

ചിത്രകലാ രംഗത്ത് പതിറ്റാണ്ടുകളായി നിറസാന്നിധ്യമായിരുന്ന പ്രഫ. സി.എല്‍. പൊറിഞ്ചുക്കുട്ടി (91) ദുബൈയില്‍ നിര്യാതനായി.

ദുബൈ: ചിത്രകലാ രംഗത്ത് പതിറ്റാണ്ടുകളായി നിറസാന്നിധ്യമായിരുന്ന പ്രഫ. സി.എല്‍. പൊറിഞ്ചുക്കുട്ടി (91) ദുബൈയില്‍ നിര്യാതനായി.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. ശനിയാഴ്ച രാത്രി എട്ടിന് ദുബൈ ഗാര്‍ഡൻസില്‍ മകന്‍റെ വീട്ടിലായിരുന്നു അന്ത്യം. തൃശൂര്‍ കേച്ചേരി ചിറനെല്ലൂര്‍ സ്വദേശിയായ പൊറിഞ്ചുക്കുട്ടി അഞ്ചു വര്‍ഷമായി മകനും കുടുംബത്തിനൊപ്പം ദുബൈയിലായിരുന്നു താമസം.

കേരള ലളിതകലാ അക്കാദമി മുൻ ചെയര്‍മാൻ, കേന്ദ്ര ലളിതകലാ അക്കാദമി മുൻ സെക്രട്ടറി, വൈസ് ചെയര്‍മാൻ, ഫൈനാര്‍ട്സ് കോളജ് പ്രഥമ പ്രിൻസിപ്പല്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫൈൻ ആര്‍ട്സ് കോളജിന്‍റെ ശില്‍പികളിലൊരാളും പ്രധാന അധ്യാപകനുമായിരുന്നു.

തൃശൂര്‍ ജില്ലയിലെ കേച്ചേരി ചിറനെല്ലൂരില്‍ 1932ല്‍ ലൂയീസ്-താണ്ടമ്മ ദമ്ബതികളുടെ മകനായി ജനിച്ച പൊറിഞ്ചുക്കുട്ടി ചിറനെല്ലൂര്‍ സെൻറ് ജോസഫ് യു.പി സ്കൂള്‍, കേച്ചേരി ജ്ഞാനപ്രകാശിനി ലോവര്‍ സെക്കൻഡറി സ്കൂള്‍, കുന്നംകുളം ബോയ്സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ഉദയ്പൂര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഫൈനാര്‍ട്സില്‍ ബിരുദാനന്തര ബിരുദവും നേടി. 1956ല്‍ മാവേലിക്കര രാജാരവിവര്‍മ സ്കൂളില്‍ ചിത്രകലാ അധ്യാപകനായി. പിന്നീട് ഇതേ സ്കൂളില്‍ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.

നാഷനല്‍ ചിത്രകലാ ജൂറി ചെയര്‍മാൻ, കമ്മിറ്റി ഫോര്‍ ട്രിനാലെ ചെയര്‍മാൻ, ഇന്ത്യൻ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷൻസ് അംഗം, ന്യൂഡല്‍ഹി നാഷനല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ആര്‍ട് പര്‍ചേസ് വിഭാഗം അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ മ്യൂസിയം, സര്‍വവിജ്ഞാനകോശം, ജവഹര്‍ ബാലഭവൻ എന്നീ സ്ഥാപനങ്ങളില്‍ ഉപദേശകസമിതി അംഗമായിരുന്നു.

അഖിലേന്ത്യാ ഫൈനാര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് സൊസൈറ്റിയുടെ ദേശീയ അവാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്‍റെ മാനവശേഷി വികസന മന്ത്രാലയത്തിന്‍റെയും കേരള ലതികലാ അക്കാദമിയുടെയും ഫെല്ലോഷിപ് തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചു. 2011ല്‍ രാജാരവിവര്‍മ പുരസ്കാരവും നേടിയിരുന്നു.

എലിസബത്താണ് ഭാര്യ. മക്കള്‍: ബൈജു(സീനിയര്‍ എഡിറ്റര്‍, ദുബൈ ഗവ. മീഡിയ ഓഫീസ്), ആശ. മരുമക്കള്‍: കവിത, ശ്രീകാന്ത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *