വിദേശ കപ്പലുകള്‍ക്ക്‌ തീരത്തടുക്കാൻ ജിഎസ്‌ടി ഇല്ല

October 8, 2023
28
Views

രാജ്യത്തെ പ്രാദേശിക തുറമുഖങ്ങളിലെത്തുന്ന വിദേശ കപ്പലുകള്‍ നല്‍കേണ്ടിയിരുന്ന അഞ്ചു ശതമാനം ജിഎസ്ടി ഒഴിവാക്കി.

ന്യൂഡല്‍ഹി> രാജ്യത്തെ പ്രാദേശിക തുറമുഖങ്ങളിലെത്തുന്ന വിദേശ കപ്പലുകള്‍ നല്‍കേണ്ടിയിരുന്ന അഞ്ചു ശതമാനം ജിഎസ്ടി ഒഴിവാക്കി.

52–-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കൊച്ചി എന്നിവയ്ക്ക് പുറമെ കിഴക്കൻ തീരത്തിനും ജിഎസ്ടി ഒഴിവാക്കുന്നത് ഗുണം ചെയ്യുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു. ആറുമാസത്തിനുള്ളില്‍ വിദേശത്തേക്ക് മടങ്ങുന്ന കപ്പലുകള്‍ക്കാണ് നിലവില്‍ ഇളവ് നല്‍കുന്നത്. കൊച്ചിയേക്കാള്‍ ടൂറിസം സാധ്യത കല്‍പ്പിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനും തീരുമാനം ഗുണമാകും. കോവിഡാനന്തര കാലത്ത് ടൂറിസത്തിന് ഉണര്‍വേകി 31 ക്രൂയിസ് കപ്പലുകളാണ് 2021–-22 വര്‍ഷത്തില്‍ എത്തിയത്. ഈ സീസണില്‍ അത് നാല്‍പ്പത് കടക്കും.

70 ശതമാനം ചെറുധാന്യങ്ങള്‍ അടങ്ങിയ പൊടികള്‍ക്ക് നികുതിയില്ല

70 ശതമാനം ചെറുധാന്യങ്ങള്‍ (മില്ലറ്റുകള്‍) അടങ്ങിയ പാക്കിങ്ങില്ലാത്ത ധാന്യപ്പൊടികള്‍ക്ക് ജിഎസ്ടി ഇല്ല. പാക്ക് ചെയ്തവയുടെ നികുതി 18ല്‍നിന്ന് അഞ്ചുശതമാനമാക്കി കുറച്ചു. മദ്യനിര്‍മാണമടക്കം മാനുഷിക ഉപഭോഗത്തിനുള്ള എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ (ഇഎൻഎ) ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടില്ല. ഇത് സംസ്ഥാനങ്ങളുടെ പരിധിയിലാണ്. അതേസമയം വാണിജ്യാടിസ്ഥാനത്തിലുള്ള ഇഎൻഎയ്ക്ക് 18 ശതമാനം ജിഎസ്ടിയുണ്ടാകും. ഇതുസംബന്ധിച്ച്‌ നിയമനിര്‍മാണം വരും. ശര്‍ക്കരപ്പാനിയുടെ നിരക്ക് 28 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കി.

നികുതി വരുമാനം പങ്കിടുന്നതില്‍ സമഗ്രപഠനം വേണം

സംസ്ഥാനത്തെ സാമ്ബത്തികമായി ശ്വാസംമുട്ടിക്കുന്ന കേന്ദ്രനയങ്ങള്‍ വ്യക്തമാക്കി കേന്ദ്ര ധനമന്ത്രിക്ക് കത്ത് നല്‍കിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ആകെയുള്ള നികുതി വരുമാനത്തില്‍ കേന്ദ്രവിഹിതം 45ല്‍നിന്ന് 28 ശതമാനമാക്കി. മറ്റു സംസ്ഥാനങ്ങള്‍ക്ക് 50– -60 ശതമാനം നല്‍കുമ്ബോഴാണ് ഈ അനീതി. നികുതി പങ്കിടല്‍ അടക്കമുള്ളവയില്‍ സമഗ്ര പഠനം നടത്തണം. ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചെങ്കിലും നഷ്ടപരിഹാര സെസ് സംസ്ഥാനങ്ങളില്‍നിന്ന് പിരിക്കുന്നത് തുടരുകയാണ്. കിഫ്ബിയുടെയും പെൻഷൻ കമ്ബനിയുടെയും കടം സംസ്ഥാനത്തിന്റെ കടമാക്കി മാറ്റി കടമെടുപ്പ് വെട്ടിക്കുറച്ചു. ദേശീയപാത വികസനത്തിനുള്ള നഷ്ടപരിഹാരമായി കിഫ്ബിയില്‍നിന്ന് നല്‍കിയ 6000 കോടി രൂപ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാനത്തിന് മതിയായ ധനവിഭവം ഉറപ്പാക്കാൻ കേന്ദ്രം തയ്യാറാകണം. വായ്പാനുമതിയിലെ വെട്ടികുറയ്ക്കല്‍ ഒഴിവാക്കുന്നതിനൊപ്പം ഒരു ശതമാനം അധിക കടമെടുപ്പിന് താല്‍കാലിക അനുമതി ഉറപ്പാക്കണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *