ഒഡീഷ ഡിസ്റ്റിലറികളില്‍ റെയ്ഡ് തുടരുന്നു; ഇതുവരെ പിടിച്ചെടുത്തത് 225 കോടിയോളം രൂപ

December 10, 2023
24
Views

പൊതുജനങ്ങളില്‍ നിന്ന് കൊള്ളയടിക്കുന്ന പണം തിരികെ നല്‍കുമെന്ന” പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഒഡീഷയിലെ ഒരു മദ്യം ഡിസ്റ്റിലറി ഗ്രൂപ്പിനെതിരെ ആദായനികുതി (ഐ-ടി) വകുപ്പ് ശനിയാഴ്ച നടപടി ശക്തമാക്കി.

ആദായനികുതി വകുപ്പ് റെയ്ഡുകളില്‍ വെള്ളിയാഴ്ച വരെ ഏകദേശം 225 കോടി രൂപ കണ്ടെടുത്തിരുന്നു. ശനിയാഴ്ച ബൊലാംഗിര്‍ ജില്ലയിലെ സുദാപാര പ്രദേശത്തെ ഒരു നാടൻ മദ്യ നിര്‍മ്മാതാവിന്റെ വീട്ടില്‍ നിന്ന് ഉദ്യോഗസ്ഥര്‍ അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്തു. സുദാപാറയില്‍ നിന്ന് കണ്ടെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തി വരുകയാണ്. ഇത് 50 കോടിയിലധികം വരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

വെള്ളിയാഴ്ച പണം നിറച്ച 156 ബാഗുകള്‍ ബൊലാംഗീറിലെ എസ്ബിഐ മെയിൻ ബ്രാഞ്ചിലേക്ക് എണ്ണുന്നതിനായി കൊണ്ടുപോയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ആദായനികുതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ബഹാദൂര്‍ ഭുവനേശ്വറില്‍ ക്യാമ്ബ് ചെയ്യുകയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റെയ്ഡുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താൻ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു.

“പരിശോധന നടപടികള്‍ ശക്തമായി പുരോഗമിക്കുകയാണ്” സഞ്ജയ് ബഹാദൂര്‍ ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 150 ഉദ്യോഗസ്ഥര്‍ മദ്യ ഡിസ്റ്റിലറി ഗ്രൂപ്പിലെ റെയ്ഡുകളില്‍ പങ്കെടുത്തപ്പോള്‍, റെയ്ഡുകളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്ത ഡിജിറ്റല്‍ രേഖകളുടെ പരിശോധനയ്ക്കായി ആദായനികുതി വകുപ്പ് ഹൈദരാബാദില്‍ നിന്നുള്ള 20 ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

പിടിച്ചെടുത്ത പണം സംബല്‍പൂരിലെയും ബോലാംഗിറിലെയും രണ്ട് എസ്ബിഐ ശാഖകളില്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്. 500 രൂപ നോട്ടുകളിലുള്ള പണം എണ്ണുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയെന്നും അമിതഭാരം കാരണം മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ചതായും വൃത്തങ്ങള്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി വിവിധ ബാങ്കുകളില്‍ നിന്ന് നോട്ട് എണ്ണല്‍ യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ മദ്യനിര്‍മാതാക്കളായ പടിഞ്ഞാറൻ ഒഡീഷയിലെ ബാല്‍ഡിയോ സാഹു, ഗ്രൂപ്പ് ഓഫ് കമ്ബനീസ് എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പാദന യൂണിറ്റുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയ ശേഷം, ആദായനികുതി വകുപ്പ് ഇപ്പോള്‍ ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളുടെയും ഓഫീസുകളും വസതികളും ലക്ഷ്യമിടുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *