വയനാട് മെഡിക്കല്‍ കോളജില്‍ ഞരമ്ബു മാറി വെരിക്കോസ് ശസ്ത്രക്രിയ; യുവാവിന് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു

August 21, 2023
35
Views

വയനാട് മെഡിക്കല്‍ കോളജില്‍ യുവാവിന്റെ വെരിക്കോസ് ബാധിച്ച ഞരമ്ബിന് പകരം മറ്റൊരു ഞരമ്ബ് മുറിച്ചുമാറ്റിയതായി പരാതി.

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജില്‍ യുവാവിന്റെ വെരിക്കോസ് ബാധിച്ച ഞരമ്ബിന് പകരം മറ്റൊരു ഞരമ്ബ് മുറിച്ചുമാറ്റിയതായി പരാതി.

പേര്യ 36 ടവര്‍കുന്നിലെ ഊരാച്ചേരി ഹാഷിമാണ് (38) വലതുകാലില്‍ വെരിക്കോസ് വെയിൻ ശസ്ത്രക്രിയ ചെയ്ത് നീക്കുന്നതിനിടയില്‍ ഡോക്ടര്‍മാരുടെ അശ്രദ്ധയില്‍ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട് ദുരിതംപേറുന്നത്. കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടതോടെ പി.എസ്.സി ഡ്രൈവര്‍ റാങ്ക് ലിസ്റ്റിലുള്ള യുവാവ് അയോഗ്യനുമായി. അഞ്ചംഗ കുടുംബത്തിന്റെ ജീവിതമാര്‍ഗം വഴിമുട്ടുകയും ചെയ്തു.

വലതുകാലിലുണ്ടായ വെരിക്കോസ് വെയിൻ രോഗത്തെതുടര്‍ന്ന് 2023 ഫെബ്രുവരി രണ്ടിനാണ് ഹാഷിം വയനാട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. അടുത്ത ദിവസം മൂന്ന് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ശസ്ത്രക്രിയ നടത്തി. പിറ്റേന്ന് രാവിലെ സര്‍ജറി വിഭാഗത്തിലെ മറ്റൊരു ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ കാലില്‍ രക്തയോട്ടം നിലച്ചത് ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് ഹാഷിമിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് വെരിക്കോസ് ബാധിച്ച ഞരമ്ബിന് പകരം ഹൃദയത്തില്‍നിന്ന് നേരിട്ട് കാലിലേക്ക് രക്തം പമ്ബു ചെയ്യുന്ന പ്രധാന രക്തക്കുഴല്‍ മുറിച്ചുമാറ്റിയതായി കണ്ടെത്തിയത്.

തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തുകയും ഇടതുകാലിലെ ഞരമ്ബെടുത്ത് വലത് കാലില്‍ വെക്കുകയും ചെയ്തു. എന്നാല്‍, സമയം വൈകിയതിനാല്‍ ചികിത്സ ഫലിച്ചില്ല. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് യുവാവിനെ മാറ്റി. ഇവിടെവെച്ച്‌ ഒമ്ബത് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചികിത്സ ചെലവുകള്‍ നാട്ടുകാരും പിഴവ് വരുത്തിയ ഡോക്ടര്‍മാരും വഹിക്കുകയുംചെയ്തു. പിന്നീട് ജൂണ്‍ രണ്ടിന് വെല്ലൂര്‍ ക്രിസ്ത്യൻ മെഡിക്കല്‍ കോളജിലും ഒരുമാസം ചികിത്സ തേടി.

കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടതോടെ, കൊല്ലത്തെ ഫാമിങ് കോര്‍പറേഷൻ ഓഫ് കേരള ലിമിറ്റഡിനുവേണ്ടി ഡ്രൈവര്‍-കം ഓഫിസ് അറ്റൻഡര്‍ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയില്‍ അഞ്ചാം റാങ്കുകാരനായ ഹാഷിമിന് ജോലി ലഭിക്കാൻ സാധ്യതയില്ലാതായി. നഷ്ടപരിഹാരവും ജോലിയും നല്‍കണമെന്നാവശ്യപ്പെട്ട് ഹാഷിം മുഖ്യമന്ത്രി, ഗവര്‍ണര്‍ ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *