മുന്നൂറിന്‍റെ ഭ്രമണപഥത്തില്‍ തക്കാളി

August 6, 2023
42
Views

സര്‍വകാല റിക്കാര്‍ഡില്‍ കുതിക്കുന്ന തക്കാളിവില പുതിയ ഉയരങ്ങളിലേക്ക്.

ന്യൂഡല്‍ഹി: സര്‍വകാല റിക്കാര്‍ഡില്‍ കുതിക്കുന്ന തക്കാളിവില പുതിയ ഉയരങ്ങളിലേക്ക്. ഉത്തരേന്ത്യയില്‍ ഈ മാസം തക്കാളിവില കിലോഗ്രാമിന് 300 രൂപയാകുമെന്നാണു മൊത്തവ്യാപാരികളുടെ പ്രവചനം.

മറ്റു പച്ചക്കറികളുടെ വിലയിലും കുതിപ്പുണ്ടാകും.

ഏഷ്യയിലെ ഏറ്റവും വലിയ പച്ചക്കറി-പഴ മൊത്തവ്യാപാര വിപണിയായ ഡല്‍ഹിയിലെ ആസാദ്പുര്‍ മാണ്ഡിയില്‍ ഇന്നലെ 170നും 220നും ഇടയിലാണു തക്കാളിവില. ഗുണനിലവാരത്തിനനുസരിച്ചു വില വ്യത്യാസപ്പെടും. ചില്ലറവിപണിയില്‍ വില 250 രൂപയ്ക്കു മുകളിലെത്തി.

രണ്ടു മാസത്തിലേറെയായി തക്കാളിക്കു വിപണിയില്‍ വൻ വിലയാണ്. ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മഴക്കെടുതിയെത്തുടര്‍ന്നു വിതരണം നിലച്ചതും വിലയുയര്‍ന്നതിനാല്‍ ചില്ലറവില്പനക്കാര്‍ ഉത്പന്നം വാങ്ങി സൂക്ഷിക്കാൻ മടിക്കുന്നതും സാഹചര്യം വഷളാക്കി.

ദക്ഷിണേന്ത്യയിലും തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറി വില ഉയര്‍ന്ന നിലയിലാണ്. കര്‍ണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ ഈ മാസം തുടക്കത്തില്‍ കിലോഗ്രാമിന് 180-200 രൂപയ്ക്കിടയിലാണു തക്കാളി വിറ്റുപോയത്. ലഭ്യത കുറവായതിനാല്‍ ഉടനെയൊന്നും വില കുറയില്ലെന്നു മൊത്തവ്യാപാരികള്‍ പറയുന്നു.

സവാള വിലയും ഉപഭോക്താക്കളുടെ ഗാര്‍ഹിക ബജറ്റിന്‍റെ താളം തെറ്റിക്കുന്നുണ്ട്. നിലവില്‍ 50 രൂപയ്ക്കു മേലാണു സവാളയുടെ വില. ഈ മാസം അവസാനത്തോടെ വില 70-80 രൂപയിലേക്ക് എത്തുമെന്നാണു കരുതുന്നത്.

പൂഴ്ത്തിവയ്പും മഴക്കെടുതിയും കാരണം വിപണിയിലേക്ക് എത്തുന്ന ഉത്പന്നത്തിന്‍റെ അളവ് കുറഞ്ഞതാണു നിലവിലെ സവാള വിലവര്‍ധനയ്ക്കു കാരണം. അടുത്ത മാസവും സവാളവിലയില്‍ കുറവുണ്ടാകാൻ സാധ്യതയില്ലെന്നു വിപണി നിരീക്ഷകര്‍ പ്രവചിക്കുന്നു.

ഒക്ടോബര്‍ മാസത്തോടെ സവാളയുടെ ഖാരിഫ് വിളവെടുപ്പിന്‍റെ ഫലം വിപണിയില്‍ കണ്ടുതുടങ്ങുമെന്നാണു പ്രതീക്ഷ. ഉത്പന്ന വിതരണത്തിനു കാര്യമായ തടസമുണ്ടായില്ലെങ്കില്‍ ഉത്സവമാസങ്ങളില്‍ (ഒക്ടോബര്‍-ഡിസംബര്‍) വില കുറയാൻ സാധ്യതയുണ്ട്.

Article Categories:
Business · Latest News

Leave a Reply

Your email address will not be published. Required fields are marked *